Wednesday, 25 April 2018

868.PEECHANKAI(TAMIL,2017)


"പിച്ചാങ്കൈ- ബ്ളാക് ഹ്യൂമറിലൂടെ ഒരു അപൂർവ രോഗിയുടെ കഥ"!!

  തമിഴ് സിനിമ നവീന ആശയങ്ങളുമായി കുതിക്കുക ആണ്.പ്രമേയത്തിലെ വ്യത്യസ്തതകൾ എല്ലാ വിധ പ്രേക്ഷകർക്കും ഇഷ്ടമാകുന്ന രീതിയിൽ വളരെ simple ആയ വിധത്തിൽ അവതരിപ്പിക്കുന്നു.സങ്കീർണമായ ഒരു രോഗം, Alien Hand Syndrome എന്ന പേരിൽ അറിയപ്പെടുന്ന ഒന്നു ഒരു സാധാരണ കഥയിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ് സംവിധായകൻ അശോക്.

  പുതുമുഖങ്ങളായ RS കാർത്തിക്,അഞ്ജലി റാവു എന്നിവർ ആണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.MS ഭാസ്ക്കറിനെ കൂടാതെ ഉള്ള പ്രധാന കഥാപാത്രങ്ങൾ പലരും പുതുമുഖങ്ങൾ ആയിരുന്നു.തലച്ചോറിന് ഏൽക്കുന്ന ആഘാതം മൂലം ഒരു അപകടത്തിൽ ഒരു പോക്കറ്റടിക്കാരന്റെ,അയാളുടെ എല്ലാമെല്ലാമായ ഇടതു കൈ അസാധാരണമായി പ്രവർത്തിക്കാൻ തുടങ്ങുന്നു.

AHS എന്ന അയാളുടെ അവസ്ഥയിൽ  തട്ടിപ്പുകളുടെയും,പ്രത്യേക നിലവാരം ഒന്നും ഇല്ലാത്ത രാഷ്ട്രീയത്തിന്റെയും ,രാഷ്ട്രീയക്കാരുടെയും ഒക്കെ കഥയിലൂടെ ആണ് 'പിച്ചാങ്കൈ' യുടെ കഥ വികസിക്കുന്നത്.S മൂർത്തി അഥവാ 'സ്മൂത്' എന്നറിയപ്പെടുന്ന ചെറുകിട കള്ളൻ വലിയ കള്ളന്മാരുടെ ഇടയിൽ എത്തി ചേരുന്നു.അതും അടുത്ത ദിവസങ്ങളിൽ തന്റെ ഇടം കൈക്ക് സംഭവിച്ച പ്രധാന മാറ്റങ്ങളുടെ സമയത്തു.

  സിനിമയിൽ ഇടയ്ക്കൊക്കെ അയാളുടെ ഇടംകൈ ,അയാളുടെ ശുദ്ധമായ മനസാക്ഷിയുടെ നേർക്കാഴ്ച ആകുന്നുണ്ട്.കാരണം അയാൾ പുറത്തു കാണിക്കുന്ന ഭാവം അല്ലായിരുന്നു അയാളുടെ അനുസരണയില്ലാത്ത ഇടം കൈ പ്രവർത്തിച്ചിരുന്നത്.കുറെ ട്വിസ്റ്റുകളും ചിരിക്കാൻ കുറെയേറെ സന്ദർഭങ്ങളും ഉള്ള നല്ല ഒരു ചിത്രം ആയിരുന്നു 'പിച്ചാങ്കൈ'.പ്രമേയത്തിലെ കൗതുകവും അതിലുപരി അതീവ സങ്കീർണതകൾ ഇല്ലാതെ ഈ സിനിമ അവതരിപ്പിച്ചവർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.പുതുമുഖങ്ങൾ ആയിരുന്നിട്ടു കൂടി സിനിമയുടെ സ്വഭാവം അനുസരിച്ചുള്ള സാന്ദർഭിക തമാശകൾ ചിത്രത്തിന്റെ ഹൈ ലൈറ്റ് ആയിരുന്നു.വ്യത്യസ്തമായ ഒരു സിനിമ കാണാൻ താല്പര്യമുള്ളവർക്ക് നിരാശരാകേണ്ടി വരില്ല അനുസരണ തീരെ ഇല്ലാത്ത ഇടം കൈയുടെ കഥ പറയുന്ന 'പീച്ചാൻകൈ' യിൽ നിന്നും...

'നടുവിലെ കൊഞ്ചം പക്കത്തെ കാണോം' എന്ന വിജയ് സേതുപതി ചിത്രം പോലെ ഒരു പ്രത്യേക മനുഷ്യാവസ്ഥയിലൂടെ ഈ ചിത്രവും ഏറെ ചിരിപ്പിക്കുന്നു.


868.Peechankai
       Tamil,2017
       Comedy,Crime
       Directed by:Ashok
      Stars:M S Bhaskar,RS Karthick,Anjali Rao

867.REBECCA(ENGLISH,1940)

Rebecca,ഹിച്കോക് ക്ലാസിക്ക്!!

   ഒരു നടനോ നടിയോ 'പ്രത്യേക കഥാപാത്രമായി' സ്‌ക്രീനിൽ വരാതെയും എന്നാൽ സൂചനകളിലൂടെയോ അല്ലെങ്കിൽ ചിത്ര രൂപത്തിലോ ഒരു സിനിമയിൽ പ്രത്യക്ഷപ്പെടുകയും,സിനിമയുടെ ആത്മാവ് മുഴുവൻ അത്തരം ഒരു ചിത്രത്തിൽ കേന്ദ്രീകൃതം ആയി മാറുകയും ചെയ്യാറുണ്ട്.'റബേക്ക' എന്ന ആൽഫ്രഡ് ഹിച്കോക് ചിത്രം അത്തരത്തിൽ ഒന്നാണ്.

  'മണിച്ചിത്രത്താഴ്' ഇത്തരം ഒരു ആശയം പ്രയോജനപ്പെടുത്തിയ ചിത്രമാണ് .ചിത്രത്തിൽ ഉടനീളം പേരിലൂടെ മാത്രം ജീവിച്ച കഥാപാത്രങ്ങളും ഏറെയുണ്ട്.റബേക്കയും മണിച്ചിത്രത്താഴും ഇത്തരത്തിൽ ഉള്ള ഒരു ചെറിയ സാമ്യം കാണാവുന്ന ചിത്രങ്ങളാണ്.സ്‌ക്രീനിൽ പ്രത്യക്ഷപ്പെടാത്ത ഒരു കഥാപാത്രം ഭയം ഉളവാക്കുകയും പിന്നീട് ആ കഥാപാത്രത്തിന്റെ ഭൂതകാലം ചിത്രത്തിന്റെ നിർണായക ഭാഗധേയം ആയി മാറുകയും ചെയ്യുന്നു.

  ധനികയായ ഒരു സ്ത്രീയുടെ ഒഴിവു സമയങ്ങളിൽ സുഹൃത്തായി മാറുക എന്ന ജോലി ചെയ്തിരുന്ന യുവതി, വിഭാര്യനായ കോടീശ്വരൻ 'മാക്‌സിം ഡി വിന്റർ' അയാളുടെ ബാക്കിയുള്ള ജീവിതം പങ്കു വയ്ക്കാൻ ക്ഷണിച്ചപ്പോൾ ഒരിക്കലും അയാളുടെ ആദ്യ ഭാര്യയുടെ 'പേര്' തന്നെ ഇത്രയ്ക്കും വേട്ടയാടും എന്നു വിചാരിച്ചിരുന്നില്ല.കല്യാണം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ തന്നെ റബേക്ക അയാളുടെ വലിയ വീട്ടിലെ പരിചാരകരിൽ നിന്നും ഒപ്പം അയാളുടെ ബന്ധുക്കളിൽ നിന്നും എപ്പോഴും കേൾക്കുന്ന പേരായി മാറി 'റബേക്ക'.ആ പേര് അവൾക്കൊരു ബാധ്യതയായി മാറി.

  ചെയ്യുന്ന ഓരോ പ്രവൃത്തിയും റബേക്ക എന്ന പരേതയുമായി താരതമ്യം ചെയ്ത് തുടങ്ങിയപ്പോൾ അവൾ ആ പേരിനെ ഭയപ്പാടോടെ ആണ് നോക്കി കണ്ടത്.റബക്കെയിൽ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഗാംഭീര്യം അവളെ ആകപ്പാടെ തളർത്തി.വീട്ടിൽ നൽകിയ സൽക്കാരത്തിൽ പോലും അവൾക്കു റബേക്കയോട് പിടിച്ചു നിൽക്കാൻ സാധിച്ചില്ല.ഒരു സ്ത്രീയ്ക്ക് മറ്റൊരു സ്ത്രീയോട് ഉണ്ടാകാൻ സാധ്യതയുള്ള അസൂയ ആയി അതിനെ കാണുവാൻ സാധിക്കുന്നില്ല.എന്നാൽ താൻ താമസിക്കുന്ന ആ വലിയ വീടിനെ ചുറ്റിപ്പറ്റി എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ട് എന്ന് അവൾ സംശയിച്ചിരുന്നു.അവിടെ ഉണ്ടായിരുന്നവർ സ്വാഭാവികമായി ആണോ അവളോട്‌ പെരുമാറിയിരുന്നത്??രഹസ്യങ്ങൾ അവർക്കും ഉണ്ടോ?

  കാരണം, പിന്നീട് കഥ മാറുകയാണ്.റബേക്കയുടെ മരണവും അവളുടെ ഭൂതക്കാലവും ഒക്കെ പതുക്കെ അനാവരണം ചെയ്യപെടുന്നു.ആദ്യ 'ഫിലിം നോയിർ' വിഭാഗത്തിലെ ചിത്രമായി കണക്കാക്കപ്പെടുന്നു 'ഡാഫ്നെ ഡു മറിയറുടെ' ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി അവതരിപ്പിച്ച ,ഹിച്കോക്കിന്റെ ആദ്യ അമേരിക്കൻ സിനിമ സംരംഭം.


867.Rebecca
       English,1970
       Crime,Mystery
      Director: Alfred Hitchcock
     Writers: Daphne Du Maurier (celebrated novel), Robert E. Sherwood (screen play) |
      Stars: Laurence Olivier, Joan Fontaine, George Sanders 

866.SHALLOW GRAVE(ENGLISH,1994)

"Shallow Grave"- ' ഒരു പെട്ടി നിറയെ കാശും ഒരു മൃതദേഹവും"!!

  ലോകത്ത് പണം വരുത്തിയിരിക്കുന്ന അത്ര മാറ്റങ്ങൾ മറ്റൊന്നും വരുത്തിയിയിട്ടില്ല എന്നു കരുതുന്നു.വസ്തുക്കൾ എന്നതിൽ ഉപരി മനുഷ്യരിലും പണം വരുത്തുന്ന മാറ്റങ്ങൾ പ്രവചനത്തിനും അപ്പുറം ആണ്.നിങ്ങൾ താമസിക്കുന്ന വീട്ടിലെ ഒരു മുറിയിൽ മൃതദേഹം കണ്ടെത്തിയാൽ എന്തു ചെയ്യും?പോലീസിനെ അറിയിക്കുക എന്നതായിരിക്കും ആദ്യം ചെയ്യുക.അല്ലെ??

  എന്നാൽ ആ മൃതദേഹത്തിന്റെ ആടുക്കൽ ഒരു പെട്ടി നിറയെ പണവും ഉണ്ടെങ്കിലോ?????ആദ്യം പറഞ്ഞത് ആയിരിക്കില്ല അല്ലെ ഉത്തരം!!???

ആ മൂന്നു സുഹൃത്തുക്കൾ ;ഡേവിഡ്,ജൂലിയറ്റ്,അലക്‌സ്...സമൂഹത്തിൽ നല്ല നിലയിൽ ഉള്ള ജോലി ചെയ്യുന്നവരാണ്.മൂന്നു പേരും താമസിക്കുന്നത് ഒരേ വീട്ടിലെ വെവ്വേറെ മുറികളിൽ ആണ്.ഒഴിഞ്ഞു കിടക്കുന്ന നാലാമത്തെ മുറിയിലേക്ക് ഉള്ള തമാസക്കാരനെ കണ്ടെത്താൻ അവർ ശ്രമിക്കുന്നു.എന്നാൽ അവരുടെ ഇടയിലേക്ക്  വരുന്ന നാലാമനെ അവർക്ക് മൂവർക്കും ഇഷ്ടം ആകണം എന്നുണ്ട്.അതിനായി അവർ ഇന്റർവ്യൂ നടത്തുന്നു അവരിൽ ഓരോരുത്തരെയും.

  ചില സമയങ്ങളിൽ അവർക്ക് ഇഷ്ടം ഇല്ലാത്തവരെ വെറുപ്പിച്ചു വിടാറും ഉണ്ട്.അവസാനം അവർക്ക് നാലാമത്തെ മുറിയിൽ താമസിക്കാൻ ഒരാളെ കിട്ടുന്നു.പിന്നീട് വരാമെന്നു പറഞ്ഞു പോയ അയാളെ അവർ പിന്നെ കാണുന്നത് നാലാമത്തെ മുറിയിൽ മരിച്ച നിലയിൽ ആണ്.കൂടെ പണം നിറച്ച ഒരു പെട്ടിയും.

സംവിധായകൻ ആയുള്ള 'ഡാനി ബോയ്‌ലിന്റെ' ആദ്യ ചിത്രമാണ് 'Shallow Grave'  എന്ന ബ്രിട്ടീഷ് ബ്ളാക് കോമഡി-ക്രൈം ഴോൻറെയിൽ ഉള്ള ചലച്ചിത്രം.മരണപ്പെട്ട ആൾക്ക് എന്താണ് സംഭവിച്ചത് എന്നുള്ള ഒരു കുറ്റാന്വേഷണ കഥയ്ക്ക് പകരം ആ സാഹചര്യം അവർ മൂന്നു പേരിലും ഉണ്ടാക്കിയ മാറ്റം ആണ് ചിത്രം അവതരിപ്പിക്കുന്നത്.സ്വതവേ മൃദു സ്വാഭാവക്കാരൻ ആയ ഡേവിഡ് ആയിരുന്നു ഏറ്റവും അധികം മാറിയത്.

  ഒരാളുടെ ജീവിതം അടിമുടി മാറുക എന്നു പറഞ്ഞാൽ അതാണ്.ആ പണത്തിനു അയാൾ കാവൽ പോലും ഇരുന്നു.ജീവിതം രസകരമായി തീർക്കാൻ ഉദ്ദേശിച്ചിരുന്ന ജൂലിയറ്റും അലക്‌സും വളരെയേറെ മാറുന്നു.അവരുടെ പുതിയ ജീവിതത്തിന്റെ ബാക്കി കഥ ആ അപ്പാർട്ട്‌മെന്റിൽ എങ്ങനെ ആയിരുന്നു എന്ന് അറിയാൻ ബാക്കി ചിത്രം കാണുക.


  വളരെ ക്രൂരമായ തമാശ നിറഞ്ഞ ക്ളൈമാക്‌സ് ആണ് ചിത്രത്തിന് ഉള്ളത്.യഥാർത്ഥത്തിൽ ആ ക്ളൈമാക്‌സ് ഒന്നു മാത്രം മതി ബ്ളാക് ഹ്യൂമർ എന്ന നിലയിൽ ' Shallow Groove' എങ്ങനെ ആ ഴോൻറെയോട് നീതി പുലർത്തി എന്നു മനസ്സിലാക്കാൻ.സിനിമയുടെ മൊത്തത്തിൽ ഉള്ള മൂഡിനെ ഇത്തരത്തിൽ പ്രേക്ഷകനെ വിഷമിപ്പിക്കുകയും,ഞെട്ടിക്കുകയും ചെയ്യുന്ന ഒന്നാക്കി മാറ്റിയത് നല്ല ഒരു സിനിമാനുഭവം ആയിരുന്നു.എല്ലാ ദിവസവും ഇത്തരത്തിൽ ഒന്നു കാണാൻ സാധിക്കില്ല എന്നതാണ് മുഖ്യ കാരണം.തുടക്കത്തിൽ നിലനിർത്തിയ മൂഡിൽ നിന്നും വളരെയധികം അനതരമുണ്ട് ചിത്രത്തിന്റെ അവസാനം.ആദ്യം പ്രതീക്ഷിച്ചതു ഇത്തരം ഒരു ചിത്രം ആകില്ല പലരും!!

866.Shallow Grave
       English,1994
       Crime,Comdey,Thriller
       Director: Danny Boyle
      Writer: John Hodge
       Stars: Kerry Fox, Christopher Eccleston, Ewan McGrego
      

865.THE COMMUTER(ENGLISH,2018)
"The Commuter"-"ലിയാം നീസന്റെ രക്ഷകൻ മൊഞ്ചൊന്നും അത്ര എളുപ്പത്തിൽ പോയ്‌പോകില്ല"

ഒരേ പാറ്റേർനിൽ എത്ര സിനിമ വന്നാലും 'ലിയാം നീസൻ' എന്ന ഫാക്റ്റർ കാരണം സിനിമകൾ അധികം മടുക്കില്ല.പ്രത്യേകിച്ചും 'രക്ഷകൻ' റോളുകൾ മുഖമുദ്ര ആക്കിയ ഒരാൾ ഈ പ്രായത്തിലും,ക്ഷീണിതന് ആയി ഇടയ്ക്കു കാണപ്പെട്ടെങ്കിലും ഒരു സിനിമയെ ഒറ്റയ്ക്ക് പ്രേക്ഷകരുടെ മുന്നിൽ നിയന്ത്രിച്ചു കൊണ്ടു പോകുന്ന ചിത്രമാണ് "The Commuter".

  മുൻ പോലീസ് ഉദ്യോഗസ്ഥനായ മൈക്കിൾ,കഴിഞ്ഞ പത്തു വർഷമായി ചെയ്യുന്ന ജോലിക്കായി ട്രെയിനിനെ ആശ്രയിക്കുന്നു.സ്ഥിരം യാത്രക്കാർ പലരുമായും പരിചയം ഉണ്ടായിരുന്ന മൈക്കിൾ എന്നാൽ ആ ഒരു ദിവസം തന്റെ സാധാരണമായ ജീവിതത്തിൽ നിന്നും വ്യത്യസ്തമായ ഒന്നാണ് കണ്ടു അറിയുന്നത്.ആദ്യം ജോലി നഷ്ടപ്പെട്ട മൈക്കിൾ,വീട്ടിലേക്കുള്ള തിരിച്ചു പോക്കിൽ പരിചയപ്പെട്ട യുവതി അയാൾ എത്തരത്തിലുള്ള ആളാണെന്ന് കണ്ടു പിടിക്കാനായി ഒരു ചെറിയ task നൽകുന്നു.അതിനുള്ള പ്രതിഫലം ആയി നല്ലൊരു തുകയും.എന്നാൽ തമാശ ആയി അതിനെ ആദ്യം കണക്കാക്കിയ മൈക്കിൾ കൗതുകത്തിന്റെ പുറത്ത് അവൾ പറഞ്ഞതു പോലെ ചെയ്തു തുടങ്ങുന്നു.എന്നാൽ മൈക്കിൾ വിചാരിച്ചത് പോലെ ഒരു തമാശക്കളി അല്ലായിരുന്നു അതു.

  ആ സ്ത്രീ ആരായിരുന്നു?എന്തായിരുന്നു മൈക്കിളിന്റെ മുന്നിൽ ഉള്ള പരീക്ഷണം?ഒരു ത്രില്ലർ സിനിമയ്ക്ക് ചേരുന്ന ചേരുവകൾ എല്ലാം കൂടി ചേർത്തു തന്നെ ഈ ലിയാം നീസൻ ചിത്രം അവതരിപ്പിച്ചിരിക്കുന്നു.അദ്ദേഹത്തിന്റെ ആരാധകർക്ക് അവർ പ്രതീക്ഷിച്ചതു നൽകുന്ന ചിത്രം.കഥയിൽ പുതുമ  അവകാശപ്പെടാൻ ഇല്ലെങ്കിൽ പോലും പ്രേക്ഷകർക്ക് ഒറ്റ ഇരുപ്പിൽ കണ്ടു തീർക്കാൻ സാധിക്കുന്ന രീതിയിൽ വളരെ വേഗത്തിൽ ആണ് ചിത്രത്തിന്റെ കഥാഗതി.പ്രത്യേകിച്ചും ഈ പ്രായത്തിലും ലിയാമിന്റെ ഊർജസ്വലത ശ്രദ്ധേയമാണ്.ആക്ഷൻ രംഗങ്ങൾ ആയാലും ഡയലോഗ് ഡെലിവറി ആയാലും മൊത്തത്തിൽ ഒരു 'ലിയാം നീസൻ  ഷോ ' ആണ് "The Commuter".വർഷത്തിൽ ഇങ്ങനെ ഓരോ ചിത്രങ്ങളുമായി രക്ഷകൻ വേഷത്തിൽ ലിയാം വന്നാൽ ഇത്തരം ചിത്രങ്ങളുടെ ആരാധകർക്ക് ഒരു വിരുന്നു തന്നെയാകും.തൃപ്തിപ്പെടുത്തിയ ഒരു മാസ് ഹോളിവുഡ് ചിത്രം!!


865.The Commuter
       English,2018
      Thriller
      Director: Jaume Collet-Serra
     Writers: Byron Willinger (story by), Philip de Blasi (story by)
      Stars: Liam Neeson, Vera Farmiga, Patrick Wilson

864.THE MERCILESS(KOREAN,2017)


"ട്വിസ്റ്റുകളിലൂടെ ഒരു കൊറിയൻ ചിത്രം -The Merciless"

  കൊറിയൻ ത്രില്ലർ/മിസ്റ്ററി സിനിമകളിൽ ട്വിസ്റ്റുകൾക്കു ക്ഷാമം ഇല്ലെങ്കിലും ഒരു ചിത്രത്തിൽ ഒരോ രംഗത്തിന് പിന്നിലും ട്വിസ്റ്റുമായി അധോലോകത്തിന്റെ കഥ പറയുകയാണ് The Merciless.പറഞ്ഞു കേട്ട കഥ ആണെങ്കിലും ബന്ധങ്ങളിൽ ചതിയുടെ കരി പുരണ്ട കഥാപാത്രങ്ങൾ. അവരുടെ ഓരോ പ്രവൃത്തിയിലും അതു വരെ കാണിച്ചതിന് വിപരീതമായ മറ്റൊരു മുഖം.സിനിമയുടെ കഥയെ ഇങ്ങനെ ചുരുക്കാം.

  ജേ-ഹോ അംഗമായ അധോലോക ഗ്യാങിലെ രണ്ടാമൻ ആണ്.അയാൾ ജയിലിൽ ആയിരുന്നപ്പോൾ ലഭിച്ച സുഹൃത്തു ആണ് ഹ്യുൻ സൂ.ജയിലിലെ അനധികൃത കച്ചവങ്ങൾ നിയന്ത്രിച്ചിരുന്ന ജേ-ഹോ ആകസ്മികമായാണ് ഹ്യുൻ സൂവുമായി ചങ്ങാതത്തിൽ ആകുന്നതു.പരസ്പരം ആവശ്യം ഉണ്ട് തോന്നിയിടത്തു തുടങ്ങിയ ബന്ധം.ജയിലിൽ നിന്നും ആദ്യം പുറത്തിറങ്ങിയ ജേ-ഹോ ,ഹ്യുൻ സൂ പുറത്തു ഇറങ്ങിയപ്പോൾ രാജകീയമായാണ് സ്വീകരിച്ചത്.എന്നാൽ പുറമെ കാണുന്ന പോലെ ആയിരുന്നോ എല്ലാം??

ഉദ്ദേശങ്ങൾ പലതായിരുന്നു.ഇവർ രണ്ടു പേർക്ക് മാത്രമല്ല.ഇവരെ ചുറ്റിപ്പറ്റി ഉള്ള എല്ലാ കഥാപാത്രങ്ങളും പലതും മറച്ചു പിടിച്ചിരുന്നു.സ്വാർത്ഥതയുടെ മുഖമായിരുന്നു പലർക്കും.ഒട്ടും ദയയില്ലാത്ത മനുഷ്യർ.ഇവർക്ക് ഓരോരുത്തർക്കും ഒരു കഥ ഉണ്ടായിരുന്നു.അതു കൊണ്ടു ഫ്‌ളാഷ്ബാക്കിലൂടെ ആണ് പല സംഭവങ്ങളുടെയും വിവരണം അവതരിപ്പിച്ചിരിക്കുന്നതും.

സിനിമയുടെ കൂടുതൽ ഭാഗവും അവരിൽ പലരെയും അവതരിപ്പിച്ചിരിക്കുന്നതിൽ നിന്നും വിഭിന്നമായുള്ള സംഭവങ്ങൾ ആണ്.നേരത്തെ സൂചിപ്പിച്ച ട്വിസ്റ്റ് എന്ന ഭാഗം ഇവിടെയാണ്.അതു സിനിമയുടെ അവസാനം വരെ ഉണ്ടാവുകയും ചെയ്യും.കൊറിയൻ സസ്പെൻസ് സിനിമകളുടെ ആരാധകർക്ക് ഒരു വിരുന്നു തന്നെയാണ് ഈ ചിത്രം.നിരാശരാകേണ്ടി വരില്ല!!

864.The Merciless
       Korean,2017
       Director: Sung-hyun Byun
       Writers: Sung-hyun Byun, Min-soo Kim
       Stars: Kyung-gu Sol, Si-wan Im, Kyoung-Young Lee


863.BANK ATTACK(KOREAN,2007)

ഒരു ചെറിയ ബാങ്ക് മോഷണം -Bank Attack

    ഒരു ബാങ്കിൽ മോഷണം നടക്കുകയാണ്.മോഷ്ടാവ് മോഷണത്തിൽ മുൻ പരിചയം ഇല്ലാത്ത ആളാണ്.അയാളുടെ പ്രവർത്തിയിൽ lack of experience വ്യക്തമായി കാണാം.അയാളെയും ബാങ്കിൽ ഉണ്ടായിരുന്നവരെയും അമ്പരപ്പിച്ചു കൊണ്ടു കൂടുതൽ അപകടകാരികൾ ആയ 2 മോഷ്ടാക്കൾ കൂടി അവിടെ എത്തുന്നു.ഇവർ  ഒന്നും അറിയാതെ മൂന്നാമതൊരാളും!!
 

Bank Attack എന്ന കൊറിയൻ ചിത്രത്തിന്റെ ഇതിവൃത്തം ഇതാണ്.മൂന്നു കൂട്ടർക്കും ബാങ്കിൽ മോഷണം നടത്തുക എന്നതാണ് ലക്ഷ്യം എങ്കിലും അതിനു പിന്നിൽ ഉള്ള കാരണങ്ങൾ വ്യത്യസ്തമായിരുന്നു.ഒരാൾക്ക് അയാളുടെ നിസ്സഹായത,മറ്റൊരു കൂട്ടർക്ക് സുഖ ജീവിതത്തിനു വേണ്ടി ഉള്ള പണം,മറ്റൊരു കൂട്ടർക്ക് കൂടുതൽ ഗൗരവ പൂർണമായ ഗൂഢലക്ഷ്യം.സിനിമയുടെ കഥ ഈ മൂന്നു പേരിലൂടെയും അവർ അന്ന് ആ ബാങ്കിൽ എത്താൻ ഉണ്ടായ സഹചര്യത്തിലൂടെയും അതിന്റെ അനന്തരഫലത്തിലൂടെയും ആണ് അവതരിപ്പിക്കുന്നത്.

   'Dog Day Afternoon' ലെ പച്ചീനോയുടെ കഥാപാത്രത്തോട് സാമ്യം തോന്നി ഈ ചിത്രത്തിലെ  ബേ കി റോയോട്.പൂർണമായി അങ്ങനെ അല്ലെങ്കിലും അയാളുടെ ബാങ്കിനുള്ളിലെ behaviour സമാനമായിരുന്നു.തന്റെ ജീവന് പോലും വിലയിട്ടു മകളുടെ ഓപ്പറേഷന് വേണ്ടി കൊള്ള പലിശയ്ക്ക് വാങ്ങിയ പണം നഷ്ടപ്പെട്ടു പോയപ്പോൾ അയാൾ കണ്ടെത്തിയ പോം വഴി ആയിരുന്നു അത്.

  തന്റെ ജീവകാരുണ്യ പ്രവർത്തകൻ എന്ന ഇമേജിനും അപ്പുറം തന്റെ നിയമ വിരുദ്ധമായി പ്രവർത്തികൾക്ക് മറ പിടിക്കാൻ ആണ് പോലീസ് ക്യാപ്റ്റൻ ആയ 'കൂ' ശ്രമിക്കുന്നത്.അയാൾക്കും അന്നത്തെ ദിവസത്തിൽ പങ്കുണ്ട്.പ്രത്യേകിച്ചു ലക്ഷ്യമൊന്നുമില്ലാത്ത തട്ടിപ്പുകാർ മാത്രമാണ് ഇതിൽ യഥാർത്ഥ മോഷണത്തിനായി എത്തുന്നത്.അല്ലെങ്കിൽ മോഷണം എന്ന വാക്കിനോട് നീതി പുലർത്തുന്നത്.

വളരെ ത്രില്ലിംഗ് ആയി തന്നെ ഈ കൊച്ചു ചിത്രം അവതരിപ്പിച്ചിട്ടുണ്ട്.കോമഡിയ്ക്കും സെന്റിമെന്റസിനും അതിന്റെതായ സ്ഥാനം നൽകി പ്രേക്ഷകന് ഇഷ്ടമാകുന്ന രീതിയിൽ ആണ് ഒരുക്കിയിരിക്കുന്നതും.വിധിയ്ക്കു മുഖ്യ സ്ഥാനമുള്ള ചിത്രത്തിൽ ക്ളൈമാക്‌സ്   ചെറിയ ഒരു വേദനയായി മാറും.ഓരോരുത്തരുടെയും വിധി തീരുമാനിക്കുന്നത് അവരുടെ പ്രവർത്തികൾ ആണെന്ന സത്യം ചിത്രം അവതരിപ്പിക്കുന്നു.

863.Bank Attack
       Korean,2007
       Director: Sang Jun Park
       Stars: Yun-shik Baek, Mun-shik Lee, Hyo-jun Park
      

Saturday, 21 April 2018

862.PERFECT STRANGERS(ITALIAN,2016)

"ഫോണുകൾ കഥ പറഞ്ഞു തുടങ്ങുമ്പോൾ!!! Perfect Strangers"

സംഭാഷണങ്ങളിലൂടെ രൂപപ്പെട്ട കഥ ആണ് ഈ ചിത്രത്തിനുള്ളത്.7 സുഹൃത്തുക്കൾ ഒരു രാത്രിയിൽ അവരിൽ ഒരാളുടെ വീട്ടിൽ ഒത്തുക്കൂടുന്നു.ചന്ദ്രഗ്രഹണം നടക്കുന്ന ആ രാത്രിയിൽ അവരിൽ പലരുടെയും ജീവിതത്തിലും ഗ്രഹണം സംഭവിക്കുന്നു.കാരണം അവർ തന്നെ താല്പര്യമെടുത്തു തുടങ്ങിയ ഒരു കളി.അന്ന് അവർ ഒത്തുക്കൂടുമ്പോൾ രഹസ്യങ്ങൾ ഒന്നുമില്ലാതെ അവരിൽ ഓരോരുത്തർക്കും അന്ന് വരുന്ന ഫോണ് കോളുകൾ,സന്ദേശങ്ങൾ തുടങ്ങി എല്ലാം പരസ്യമാക്കണം.

വളരെയധികം താല്പ്പര്യം തോന്നുന്ന പ്രമേയം.പ്രത്യേകിച്ചും മറ്റുള്ളവരുടെ രഹസ്യങ്ങളിലേക്കു കാതു കൂർപ്പിക്കാൻ ഉള്ള മനുഷ്യ സഹജമായ താൽപ്പര്യം ഈ പ്രമേയത്തെ കൂടുതൽ താൽപ്പര്യം ഉള്ളതാക്കുന്നു.അവർ കളി തുടങ്ങി.ഓരോ ഫോണും മൂടി വയ്ക്കപ്പെട്ട വ്യക്തിത്വങ്ങളുടെ മുഖമൂടി അഴിച്ചു തുടങ്ങുന്നു.പക്ഷെ തങ്ങൾക്കു ഒന്നും ഒളിക്കാൻ ഇല്ല എന്നുള്ള ഭാവത്തിന് മേൽ അവർക്കുണ്ടാകുന്ന തിരിച്ചടി ആയി മാറുന്നു ആ കളി.

ചിത്രം മുന്നോട്ടു വയ്ക്കുന്നത് മുഖ്യമായും ഫോണുകൾ മനുഷ്യ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം ആണ്.പല ബന്ധങ്ങളും തകരുമായിരുന്നു ഒരു പക്ഷെ ഫോണുകൾക്ക് ചിന്തിക്കാൻ ഉള്ള കഴിവുകൾ ഉണ്ടായിരുന്നെങ്കിൽ.ഈ ചിത്രത്തിൽ തന്നെ കുട്ടിക്കാലം മുതൽ സുഹൃത്തുക്കൾ ആയ കഥാ പാത്രങ്ങൾ ,അന്യോന്യം അറിയുന്നതിനെക്കാളും കൂടുതൽ അവരുടെ ഫോണുകൾക്ക് അറിയാമായിരുന്നു.അങ്ങേയറ്റത്തു ഉള്ളവരിൽ പലരും ഉണ്ടാകാം.അവിഹിതം ആകാം,മകളുടെ രഹസ്യങ്ങൾ ആകാം,തനിക്കു ഇഷ്ടം തോന്നാത്ത ശരീര ഭാഗത്തു നടത്തുന്ന മാറ്റം ആകാം,വസ്ത്രധാരണത്തിലെ വൈചിത്ര്യം ആകാം അല്ലെങ്കിൽ താൻ ആരാണെന്ന് സ്വയം ഉള്ള ചോദ്യത്തിന്റെ ഉത്തരം ആകാം.എല്ലാത്തിനും എന്തിനും കാരണങ്ങൾ കാണാം ഓരോ ഫോണ് സംഭാഷണങ്ങളിലും.

ഗൗരവമേറിയ പ്രമേയം അവതരിപ്പിക്കുമ്പോഴും സിനിമ വളരെ സരളമായ രീതിയിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്.ആ മുറിക്കു വെളിയിൽ ഇറങ്ങിയ സീൻ മനുഷ്യ ജീവിതത്തിന്റെ നേർക്കണ്ണാടി ആണ്.പരസ്പ്പരം കലഹിച്ചു മനുഷ്യായുസ്സു മുഴുവനും മുഖമൂടി അണിഞ്ഞവരുടെ ഒളിവിൽ ഉള്ള ജീവിതം.വിവാഹിതൻ ആയവർക്കു കൂടുതൽ ബന്ധിപ്പിക്കാവുന്ന കണ്ണികൾ കൂടുതലുണ്ട്.

പ്രമേയത്തിലെ കൗതുകവും കഥാപാത്രങ്ങളുടെ രഹസ്യങ്ങൾ അനാവരണം ചെയ്യുന്നതൊക്കെ തീർച്ചയായതും കാണാവുന്ന ചിത്രങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുന്നു 'പോളോ ഗെനോവേസ്' സംവിധാനം ചെയ്ത ഈ ഇറ്റാലിയൻ ചിത്രം.നിരൂപക പ്രശംസയോടൊപ്പം സാമ്പത്തിക വിജയവും ഈ ഇറ്റാലിയൻ ചിത്രം നേടിയിരുന്നു.

862.Perfect Strangers
Italian,2016
Comedy,Drama
Director: Thodoris Atheridis
Stars: Thodoris Atheridis, Smaragda Karydi, Alkis Kourkoulos

Tuesday, 20 March 2018

861.DOUBLE INDEMNITY(ENGLISH,1944)നെഫ് ആദ്യമായി ഫില്ലിസിനെ കാണുമ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല ഇത്തരത്തില്‍ ഒരു കുറ്റസമ്മതം ദിക്റ്റഫോണിലൂടെ നടത്തുമെന്ന്.ആ രാത്രി അയാളുടെ ജീവിതത്തിലെ തന്നെ ഏറ്റവും മോശം രാത്രികളിയുടെ ശേഷിപ്പുകള്‍ ആയിരുന്നു.പുരുഷ സഹജമായ മന:ചാഞ്ചല്യം അയാളെ ഇപ്പോഴത്തെ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു.ഒരു ഇന്ഷുറന്സ് എജന്റ്റ് ആയിരുന്ന നെഫ്,തന്റെ ജോലിയില്‍ സമര്‍ത്ഥനായിരുന്നു.തന്റെ വാക്ചാതുരിയില്‍ അഭിമാനിച്ചിരുന്ന,ആത്മവിശ്വാസം ഉണ്ടായിരുന്ന അയാള്‍ മികച്ച ഒരു കച്ചവടക്കാരന്‍ കൂടി ആയിരുന്നു.ഒരു ഇന്ഷുറന്സ് പോളിസിയുടെ കാര്യം സംസാരിക്കാനായി കോടീശ്വരനായ ടിചെര്‍സനെ കാണാനായി എത്തിയപ്പോള്‍ ആണ് നെഫ് അയാളുടെ ഭാര്യയായ ഫില്ലീസിനെ കണ്ടു മുട്ടുന്നത്.

  അര്‍ദ്ധ നഗ്നയായി ആദ്യ കാഴ്ചയില്‍ തന്നെ കണ്ട ഫില്ലീസിനോട് അയാള്‍ക്ക്‌ അഭിനിവേശം ഉണ്ടാകുന്നു.പിന്നീട് അവരോടു സംസാരിക്കുമ്പോള്‍ അയാള്‍ക്ക്‌ അവരോടു അനുകമ്പയും ഉണ്ടാകുന്നു.അവരുടെ ജീവിതത്തിലെ അവസ്ഥയില്‍ ഖേദം പ്രകടിപ്പിക്കുന്ന നെഫ്,അവരെ പ്രണയിക്കാന്‍ ആരംഭിക്കുന്നു.ഒപ്പം ഫില്ലീസ് അതി വിദഗ്ധമായി അയാളുടെ മുന്നില്‍ അവതരിപ്പിച്ച തന്ത്രത്തില്‍  കുരുങ്ങുകയും ചെയ്യുന്നു.പണത്തിനോട് ഉള്ള ആര്ത്തിയ്ക്കും അപ്പുറം അയാളുടെ ചിന്തകളെ സ്വാധീനിച്ചതു ഫില്ലീസ് എന്ന ഘടകം ആയിരുന്നു.അവരുടെ വശ്യമായ സൌന്ദര്യം അയാളെ കൊണ്ടെത്തിക്കുന്നത് പിഴവുകള്‍ ഇല്ലാത്ത ഒരു കൊലപാതകം ചെയ്യുക എന്ന ഉദ്യമത്തില്‍ ആയിരുന്നു.ഈ ഒരു കാര്യത്തിനു നെഫ്,ആദ്യം ശ്രദ്ധിക്കേണ്ടത് തന്റെ ഉള്ളിലെ ഹൃദയം എന്ന കുഞ്ഞു മനുഷ്യനിലൂടെ കാര്യങ്ങള്‍ അപഗ്രഥനം ചെയ്യുന്ന കെയ്സ് എന്ന ബുദ്ധി രാക്ഷസന്‍റെ ചിന്തകളില്‍ നിന്നും കൊണ്ടുള്ള പ്രവൃത്തിയില്‍ ആയിരുന്നു.

  Perfect Murder എന്നുള്ളത് ഭൂരിഭാഗം അവസരങ്ങളിലും അസംഭാവ്യം ആകാറുണ്ട്.ഒരു കുറ്റകൃത്യം നടന്നൂ എന്ന് ബോധ്യമാകുമ്പോള്‍ തന്നെ അത്തരം ഒരു concept തന്നെ അവിടെ പരാജയപ്പെടുന്നു എന്ന് അര്‍ത്ഥം.വിജയിച്ച കുറ്റകൃത്യം ഒരിക്കലും ആരുടെ ശ്രദ്ധയിലും പെടുകയും ഇല്ല.ബില്ലി വില്ദര്‍ സംവിധാനം ചെയ്ത,'ജെയിംസ് കേയ്ന്സിന്റെ' നോവലിനെ ആസ്പദമാക്കി അവതരിപ്പിച്ച ചിത്രം പ്രധാനമായും സൂക്ഷ്മതയോടെ ഇത്തരം ഒരു സംഭവത്തെ ആണ് അവതരിപ്പിച്ചിരിക്കുന്നത്.ഒരു കുറ്റാന്വേഷണ ചിത്രം എന്ന നിലയില്‍ അധികം പ്രാധാന്യമില്ലാതെ, മുഖ്യ കഥാപാത്രം നടത്തുന്ന കുറ്റസമ്മതം ആയി ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.പക്ഷെ ഒന്നുണ്ട്,നെഫ് Perfect Murder എന്ന ചെയ്തിയുടെ അടുക്കല്‍ തന്നെയായിരുന്നു.എന്നാല്‍ അയാളുടെ തീരുമാനങ്ങള്‍ മാറ്റാന്‍ കാരണം എന്തായിരുന്നു?

 Finalizando: സ്ക്രീനിലെ വര്‍ണങ്ങളില്‍ ചാലിച്ച കഥാപാത്രങ്ങളിലും നിന്നും വ്യത്യസ്തമായി പല ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രങ്ങളും നല്‍കുന്ന കാഴ്ച്ചയുടെ സുഖമുണ്ട്.പ്രത്യേകിച്ചും ഇത്തരം ചിത്രങ്ങളിലൂടെ പ്രേക്ഷകന് ലഭിക്കുന്ന മികച്ച അവതരണങ്ങള്‍.ക്ലാസിക് എന്ന വാക്കിന് മികവിന്‍റെ പര്യായം എന്ന അര്‍ത്ഥം മാത്രം നോകിയാല്‍ കൂടി അത്തരത്തില്‍ ഒന്നാണ് 'Double Indemnity'.തീര്‍ച്ചയായും കാണേണ്ട ഒരു ക്രൈം/മിസ്റ്ററി ചിത്രമാണ്.


861.Double Indemnity
      English,1944
Crime,Mystery
MHV rating:✪✪✪✪½

Director: Billy Wilder
Writers: Billy Wilder (screenplay), Raymond Chandler (screenplay)
Stars: Fred MacMurray, Barbara Stanwyck, Edward G. Robinson

860.WITNESS FOR THE PROSECUTION(ENGLISH,1957)
'നിങ്ങള്‍ ഈ ചിത്രത്തിന്‍റെ ക്ലൈമാക്സ് സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞു കൊടുക്കരുത്".ക്ലൈമാക്സിലെ ഒരു പത്തു മിനിട്ട് കൊണ്ട് ഒരു ചിത്രത്തിന് എത്ര മാത്രം ട്വിസ്റ്റുകള്‍ നല്‍കാം എന്ന് മികച്ച രീതിയില്‍  അവതരിപ്പിക്കുന്നു 'ബില്ലി വില്ദര്‍' സംവിധാനം ചെയ്ത, 'അപസര്‍പ്പക കഥകളുടെ രാജ്ഞി' ആയിരുന്ന "അഗത ക്രിസ്റ്റിയുടെ" കഥയുടെ ദൃശ്യാവിഷ്ക്കാരത്തില്‍.കാലത്തിനെ അതിജീവിക്കുന്ന സൃഷ്ടികള്‍ എന്നൊക്കെ പറയാറില്ലേ?അത്തരത്തില്‍ ഒരു മാസ്റ്റര്‍പീസ് ആണ് 'Witness for the Prosecution'.1957 ല്‍ റിലീസ് ആയ ചിത്രം പിന്നീട് അതിന്റെ പല വകഭേദങ്ങള്‍ ആയി ടി വി യിലും സിനിമയിലും ഒക്കെ വന്നിട്ടുണ്ടെങ്കിലും ഏറ്റവും മികച്ച രീതിയില്‍ തന്നെ  'ബ്ലാക്ക് ആന്‍ഡ്‌ വൈറ്റില്‍' ദുരൂഹമായ ഒരു കൊലപാതകത്തിന്റെ നിഗൂഡതകള്‍ അതി ഗംഭീരമായി അനാവരണം ചെയ്തിരിക്കുന്നു.

   പ്രധാന കഥാപാത്രമായ സര്‍ വിഫ്രിഡ് എന്ന ബാരിസ്റ്റര്‍ ആയി അഭിനയിച്ചിരിക്കുന്നത് 'ചാര്ള്സ് ലാഫ്ട്ടന്‍ ' ആണ്.അതി ഗംഭീരമായ അഭിനയത്തിലൂടെ ഒരു സീനിയര്‍ ബ്രിട്ടീഷ് ബാരിസ്റ്റര്‍ ആയി അദ്ദേഹം  സ്ക്രീനില്‍ നിറഞ്ഞു നില്‍കുകയാണ്‌.ഹൃദയാഘാതം നല്‍കിയ വിശ്രമത്തിന് ശേഷം തിരികെ ഓഫീസില്‍ എത്തിയ സര്‍.വില്‍ഫ്രിടിന് തന്റെ ഇഷ്ട ജോലി ചെയ്യുനതിനു തന്റെ ഹൃദയം നല്‍കിയ പരിമിതികള്‍ ഏറെയാണ്‌.എന്നാല്‍ തീര്‍ത്തും സാധാരണം എന്ന് തോന്നുന്ന ഒരു കൊലപാതക കേസ് അദ്ധേഹത്തിന്റെ മുന്നില്‍ എത്തുന്നു.

  'ലിയോനാര്ഡ് വോളെ' എന്ന വ്യക്തി തന്റെ പരിചയക്കാരിയായ ഒരു വിധവയെ കൊന്നു എന്നതായിരുന്നു കുറ്റം.എന്നാല്‍ മുന്‍ക്കാല സൈനികനായ,കുറ്റകൃത്യങ്ങളില്‍ ഒന്നും പങ്കെടുക്കാത്ത ,കാഴ്ചയില്‍ നല്ലവന്‍ എന്ന് തോന്നിക്കുന്ന ഒരാള്‍ തുടക്കത്തില്‍ തന്നെ സര്‍ വില്‍ഫ്രിഡിന്‍റെ വിശ്വാസം പിടിച്ചു പറ്റുന്നു.ഒരാള്‍ പറയുന്നത് സത്യമാണോ എന്നറിയാനുള്ള അദ്ദേഹത്തിന്റെ ചെറിയ വിദ്യയിലും വോളെ വിജയി ആകുന്നു.കൊലപാതകം നടന്ന സമയം വോളെ വീട്ടില്‍ ഉണ്ടായിരുന്നു എന്നതിന് തെളിവായി അദ്ദേഹത്തിന്റെ ഭാര്യ സാക്ഷി പറയും എന്ന് വോളെ  അറിയിക്കുന്നു.എന്നാല്‍ ഭാര്യയുടെ മൊഴി കോടതി മുഖവിലയ്ക്ക് എടുക്കാന്‍ സാധ്യത കുറവാണെന്നും ,എന്നാല്‍ക്കൂടിയും അയാളുടെ നിരപരാധിത്വം തെളിയിക്കാം എന്ന് വില്‍ഫ്രിദ് കണക്കു കൂട്ടുന്നു.

 പക്ഷെ കോടതിയില്‍ വാദം ആരംഭിച്ചു തുടങ്ങി നിര്‍ണായകമായ ഒരു വഴിത്തിരിവില്‍ എത്തുമ്പോള്‍ ആണ് വോളെയുടെ ഭാര്യ എല്ലാവരുടെയും കണക്കു കൂട്ടല്‍ തെറ്റിച്ചു കൊണ്ട് അയാള്‍ക്ക്‌ എതിരെ മൊഴി നല്‍കുന്നത്.കേസില്‍ ആരോപിക്കപ്പെട്ട പല കാര്യങ്ങളും കെട്ടി ചമച്ചത് ആണെന്നുള്ള വാദം എന്നാല്‍ അത്തരം ഒരു നീക്കത്തിലൂടെ മാറി മറിയുന്നു.വോളെയുടെ ഭാര്യ ക്രിസ്റ്റീന്‍ എന്തിനായിരുന്നു അത്തരം ഒരു മൊഴി നല്‍കിയത്?അവരുടെ മൊഴി കേസിനെ എങ്ങനെ ആകും ബാധിക്കുക?ദുരൂഹതകള്‍ നിറഞ്ഞ ഒരു കേസിനെ കൂടുതല്‍ സങ്കീര്‍ണം ആക്കി തീര്‍ത്ത ആ മൊഴിയുടെ ചേതോ വികാരം എന്തായിരുന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ബാക്കി ചിത്രം നല്‍കും.

  കഥാപരമായി കാലത്തെ അതി ജീവിക്കുന്ന ചിത്രം ബ്രിട്ടീഷ് നീതി വ്യവസ്ഥയുടെ പല വശങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്.സിനിമയുടെ മര്‍മപ്രധാനമായ ഭൂരിഭാഗം രംഗങ്ങളും കോടതി മുറിക്കുള്ളില്‍ ആണ് ചിത്രീകരിച്ചിരിക്കുന്നതും.തീര്‍ത്തും രസികനായ,അതെ സമയം തന്ത്രശാലിയായ ഒരു വക്കീലിന്‍റെ ചിന്തകള്‍ക്കും അപ്പുറം ചില സംഭവങ്ങള്‍ ഉണ്ടാകാം.കഥയുടെ ഗതിയും ആ വഴിക്കാണ്.അക്കാദമി പുരസ്ക്കാരങ്ങളില്‍ 6 വിഭാഗത്തില്‍ നാമനിര്‍ദേശം ലഭിച്ച ചിത്രം എന്നാല്‍ ഒന്നിലും പുരസ്ക്കാരം നേടിയിരുന്നില്ല.ആദ്യം പറഞ്ഞത് പോലെ ഇത്തരം ഴോന്രെയില്‍ ഉള്ള ചിത്രങ്ങളില്‍ പ്രേക്ഷകനെ ത്രസിപ്പിക്കുന്ന എല്ലാ ഘടകങ്ങളും Witness For The Prosecution അവതരിപ്പിക്കുന്നുണ്ട്.ക്രൈം/മിസ്റ്ററി വിഭാഗത്തിലെ ക്ലാസ്സിക്കുകളില്‍ ഒന്നായി തന്നെ കരുതാം ഈ ചിത്രത്തെ!!


860.Witness For The Prosecution
        English,1957
       Crime,Mystery

MHV Rating:✪✪✪✪✪Director: Billy Wilder
Writers: Agatha Christie , Billy Wilder (screen play)
Stars: Tyrone Power, Marlene Dietrich, Charles Laughton 

Wednesday, 14 March 2018

859.MOLLY'S GAME(ENGLISH,2017)


'പോക്കര്‍ മത്സരങ്ങളിലെ രാജ്ഞിയുടെ കുപ്രസിദ്ധ കഥ'-Molly's game

അര്‍ദ്ധ രാത്രി ഉറക്കത്തില്‍ പോലീസ് മോളിയുടെ വീട് വളഞ്ഞിരിക്കുക ആണെന്നും ഇഉടന്‍ തന്നെ പുറത്തേക്കു വരാനും ആവശ്യപ്പെടുന്നു.വലിയ സന്നാഹങ്ങളോടെ വന്ന പോലീസ് അവളെ അറസ്റ്റ് ചെയ്തു.ആരാണ് മോളി ബ്ലൂം?എന്താണ് അവള്‍ ചെയ്ത കുറ്റം?സ്പോര്‍ട്സില്‍ ഏറ്റവും നിരാശാജനകമായ അവസ്ഥ എന്താണ് എന്നുള്ള ചോദ്യത്തോടെ ആണ് ചിത്രം ആരംഭിക്കുന്നത്.പല ഉദാഹരണങ്ങള്‍ ഉണ്ടെങ്കിലും 'മേരി ബ്ലൂം' ഒരു കഥ പറഞ്ഞു തുടങ്ങുന്നു.പ്രേക്ഷകന് ആദ്യ ചോദ്യത്തിന് ഉള്ള ഉത്തരം കണ്ടെത്താന്‍ ഉള്ള ഒരു അവസരം.ആ ഉത്തരം ആണ് യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ' Molly's Game: The True Story of the 26-Year-Old Woman Behind the Most Exclusive, High-Stakes Underground Poker Game in the World.' എന്ന ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

   ചിട്ടയായ ജീവിതചര്യകള്‍ ശീലമാക്കി തുടങ്ങി ഒരു മികച്ച കായിക താരം ആയി മാറാന്‍ കഴിയുമായിരുന്ന മോളിയ്ക്ക് എന്നാല്‍ കാലം കരുതി വച്ചത് മറ്റൊന്നായിരുന്നു.തുടക്ക കാലത്തും പിന്നീടും നടന്ന രണ്ടു അപകടങ്ങള്‍ അവളുടെ ജീവിതം തന്നെ മാറ്റി.തന്റെ സ്വപ്നങ്ങള്‍ക്ക് വിരാമം നല്‍കി പുതിയ ജീവിതം അവള്‍ തിരഞ്ഞെടുത്തു.എന്നാല്‍ അവളുടെ സാമര്‍ത്ഥ്യം ഓരോ പ്രവൃത്തികളിലും അവളുടെ വഴികള്‍ സുഗമമാക്കി.ആരും ശ്രദ്ധിക്കാത്ത വഴികളിലൂടെ നിയമം ഒന്നും തെറ്റിക്കാതെ തന്നെ അവള്‍ തന്റെ പാത വെട്ടി തുറന്നൂ.എന്നാല്‍ ഇടയ്ക്കിടെ ഉണ്ടായ ചില പ്രശ്നങ്ങള്‍ അവളുടെ ജീവിതത്തില്‍ കല്ല്‌ കടി ആയി.

   ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് വേണ്ടി നടത്തുന്ന പോക്കര്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത് മിക്കപ്പോഴും സമൂഹത്തിലെ വിലയേറിയ ആളുകള്‍ ആയിരുന്നു.സമൂഹത്തിലെ ഉന്നതര്‍ തങ്ങളുടെ സമ്പാദ്യങ്ങളുടെ മേല്‍ ജീവന്‍ മരണ പോരാട്ടം ആയിരുന്നു അവിടെ നടത്തിയിരുന്നത്.ഒറ്റ രാത്രി കൊണ്ട് പണം നഷ്ടപ്പെട്ടവരും ഏറെ നേടിയവരും അവരില്‍ ഉണ്ടായിരുന്നു.മോളി ഇതില്‍ ഒന്ന് മാത്രമേ ചെയ്തുള്ളൂ,തുടക്ക കാലത്ത് തന്റെ ബോസിന് വേണ്ടി ചെയ്ത ജോലിയില്‍ നിന്നും പുത്തന്‍ സാധ്യതകള്‍ കണ്ടെത്തി പോക്കര്‍ ഗെയിം കളിക്കുന്ന സ്ഥലവും ആളുകളും തമ്മില്‍ ഉള്ള പ്രാധാന്യം കൂട്ടി.അതിന്റെ ഫലമായി അവളുടെ സമ്പാദ്യം കുത്തനെ ഉയര്‍ന്നു.അവളുടെ രക്തത്തിനായി ദാഹിക്കുന്നവര്‍ ഏറെ ഉണ്ടായി.ആകസ്മികമായി വന്ന റഷ്യന്‍ മാഫിയ അംഗങ്ങളെ പോലെ ഉള്ളവര്‍ അവളുടെ അപകട സാധ്യത കൂട്ടി/.മോളിയുടെ സംഭവ ബഹുലമായ കഥയെ കുറിച്ച് അറിയാന്‍ ബാക്കി ചിത്രം കാണുക.


Finalizando:ഇക്കഴിഞ്ഞ ഓസ്ക്കാര്‍ പുരസ്ക്കരങ്ങളില്‍ മികച്ച തിരക്കഥയ്ക്കുള്ള നാമനിര്‍ദേശം നേടിയ ചിത്രം അവതരന്‍ മികവില്‍ മുന്നില്‍ ആയിരുന്നു.കെവിന്‍ കോസ്ട്ട്നാര്‍ മോളിയുടെ പിതാവായി അഭിനയിച്ചു.ക്ലൈമാക്സ് രംഗങ്ങള്‍ മികവുറ്റത് ആക്കി.മോളി ബ്ലൂം ആയി അഭിനയിച്ച ജെസ്സിക്ക ചെയ്സ്ട്ടിന്‍ തന്റെ വേഷം മികവുറ്റതാക്കി.ഒരു ബയോഗ്രഫിക്കും അപ്പുറം സിനിമാറ്റിക് ആയ ഘടകങ്ങള്‍ ആ കഥയില്‍ ഉള്ളത് കൊണ്ട് തന്നെ എല്ലാവര്ക്കും പരിചിതമായ സിനിമ ഭാഷ്യം ആണ് സിനിമയില്‍ ഉടന്നീളം.ചിത്രം അവസാനിക്കുമ്പോള്‍ ആദ്യം ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം പ്രേക്ഷകന് ലഭിച്ചിരിക്കും.


859.Molly's game
English,2017
Crime,Drama,Biography

MHV Ratings: ✪✪✪½

Director: Aaron Sorkin
Writers: Aaron Sorkin (written for the screen by), Molly Bloom (based on the book by)
Stars: Jessica Chastain, Idris Elba, Kevin Costner